സമൃദ്ധ-സുരക്ഷിത സന്ദേശവുമായി കേരള യാത്രക്ക് തുളുനാട്ടില്‍ ഉജ്ജ്വല തുടക്കം
| |||
ഹൊസങ്കടി(കാസര്‍കോട്): സമൃദ്ധ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ദിഗ്‌വിജയങ്ങളുടെ വിളംബരമായി കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഹൊസങ്കടിയില്‍ ആരംഭിച്ചു.
ഒമ്പത് വര്‍ഷത്തെ യു.പി.എ. ഭരണത്തിന്റെ നേട്ടങ്ങളും രണ്ടുവര്‍ഷത്തെ യു.ഡി.എഫ്. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനമനസ്സുകളിലെത്തിക്കാനും നടാപ്പാകാതെ പോയ നാടിന്റെ ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ സത്വര ശ്രദ്ധയില്‍കൊണ്ടുവരാനുമാണ് കേരളത്തെ സമഗ്രമായി സ്പര്‍ശിച്ചും സ്വാധീനിച്ചും കടന്നുപോകുന്ന കേരള യാത്രയുടെ ലക്ഷ്യം. കത്തിക്കാളുന്ന മേടമാസത്തില്‍ കേരളത്തിലെ ജനാധിപത്യ ചേരിക്ക് ഉണര്‍വ്വിന്റെ ഉത്സവമാക്കി മാറ്റുന്ന കേരള യാത്ര മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ജാഥ നായകന്‍ രമേശ് ചെന്നിത്തലക്ക് കോണ്‍ഗ്രസ് പതാക കൈമാറിയാണ് ഉമ്മന്‍ചാണ്ടി യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സി.പി.എം. കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. നിയമസഭ ചേരുമ്പോള്‍ ജനകീയ പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ സി.പി.എമ്മും ഇടതുമുന്നണിയും തുടര്‍ച്ചായി സഭ സ്തംഭിപ്പിച്ചുകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാമാന്യ മര്യാദ കാറ്റില്‍ പറത്തിക്കൊണ്ട് നിഷേധാത്മക സമീപനമാണ് സി.പി.എം. തുടരുന്നത്. ഇത് തുറന്നുകാട്ടുന്നതിന് രമേശ് ചെന്നിത്തലയുടെ കേരള മാര്‍ച്ചിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഉണര്‍വും പ്രതീക്ഷയും നല്‍കുന്ന യാത്രയായിരിക്കും ചെന്നിത്തലയുടെ യാത്ര. ജനാധിപത്യചേരിക്കുവേണ്ടിയുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെയും സര്‍ക്കാറിന്റെയും നേതൃത്വത്തില്‍ നടക്കുമ്പോള്‍ ഇടതുപക്ഷം അക്രമരാഷ്ട്രീയവുമായാണ് മുന്നോട്ടുപോകുന്നത്. ഇത് തുറന്നുകാട്ടുകയെന്നതും യാത്രയുടെ ലക്ഷ്യമാണ്. അനേക ലക്ഷം കുടുംബങ്ങളിലേക്ക് കേരളയാത്രയുടെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അക്രമ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയാണ് യാത്രയുടെ ലക്ഷ്യം. കാസര്‍കോട് ജില്ലയില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ രമേശ് ചെന്നിത്തല നടത്തിയ സ്‌നേഹ സന്ദേശയാത്ര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഏടുകളാണ് തുന്നിച്ചേര്‍ത്തത്. ഈ യാത്രയില്‍ ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികള്‍ റിപ്പോര്‍ട്ടായി സര്‍ക്കാറിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പി. പ്രഭാകരനെ ഏകാംഗ കമ്മീഷനായി നിയമിക്കുകയും കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് അതിവേഗം പ്ലാനിംഗ്‌ബോര്‍ഡ് അംഗീകരിച്ച് നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സമയബന്ധിതമായിതന്നെ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മഞ്ചേശ്വരം താലൂക്ക് പ്രഖ്യാപനം മഞ്ചേശ്വരത്തെ ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഹാര്‍ബറിന് 48.8 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. സംസ്ഥാന ഗവണ്‍മെന്റും ഇത് അംഗീകരിച്ചതായുള്ള പ്രഖ്യാപനം മുഖ്യമന്ത്രി വേദിയില്‍ നടത്തി. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച ഉച്ച മുതല്‍തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരങ്ങള്‍ മഞ്ചേശ്വരത്ത് ഒഴുകിയെത്തി. ഉദ്ഘാടന സമ്മേളനത്തില്‍ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് എം.എം.ഹസ്സന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി.അനില്‍കുമാര്‍, കെ. ബാബു, വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, എം.പി. മാരായ കെ.സുധാകരന്‍, എം.കെ. രാഘവന്‍, എന്‍. പീതാംബരകുറുപ്പ്, ആന്റോ ആന്റണി, കെ. ധനപാലന്‍, പി.ടി. തോമസ്, എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദാത്ത്, എ.പി.അബ്ദുല്ലക്കുട്ടി, പി.ബി. അബ്ദുല്‍ റസാഖ്, ജോസഫ് വാഴയ്ക്കന്‍, എന്‍.പി. വിന്‍സന്റ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ. ബിന്ദു കൃഷ്ണ, എ.ഐ.സി.സി. സെക്രട്ടറിമാരായ ലളിത സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, പി.വി. ഗംഗാധരന്‍, ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ജി. സുബോധ് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, കോണ്‍ഗ്രസ് നേതാക്കളായ പത്മജ വേണുഗോപാല്‍, ലാലി വിന്‍സന്റ്, സുമ ബാലകൃഷ്ണന്‍, എന്‍. വേണുഗോപാല്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, നെയ്യാറ്റിന്‍കര സനല്‍, പി. രാമകൃഷ്ണന്‍, ജി. രതികുമാര്‍, തമ്പാനൂര്‍ രവി, കെ.പി. ധനപാലന്‍, ബെന്നി ബെഹനാന്‍, കെ.പി.അനില്‍കുമാര്‍, കെ. നീലകണ്ഠന്‍, എ.സി. ജോസ്, അജയ് തറയില്‍, കെ.പി. നൂറുദ്ദീന്‍, അഡ്വ. സജീവ് ജോസഫ്, ബി.എ. നാരായണന്‍, കരകുളം കൃഷ്ണപിള്ള, ശൂരനാട് രാജശേഖരന്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കാസര്‍കോട്ടെത്തിയ കേരളയാത്രക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഥക്ക് അഭിവാദ്യമര്‍പ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ചട്ടഞ്ചാലിലും 11 മണിക്ക് കാഞ്ഞങ്ങാട്ടും മൂന്ന് മണിക്ക് തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും. |
2013, ഏപ്രിൽ 18, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ