2011, ഡിസംബർ 13, ചൊവ്വാഴ്ച


മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 16ന്;കളക്ടറേറ്റ് ഒരുങ്ങി

കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ 16 ന് കളക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പരാതി സമര്‍പ്പിച്ച 300 പേര്‍ക്ക് മുഖ്യമന്ത്രി പട്ടയം വിതരണം ചെയ്യും. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ച 53 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപാ വീതം സഹായധനവും നല്‍കും.

പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരിഗണനയ്ക്കായി 12,851 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. പരിപാടി നടക്കുന്ന ദിവസം അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ പൊതുജനങ്ങളെ അറിയിക്കും. മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തേണ്ട അപേക്ഷകര്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. എന്നാല്‍ രാവിലെ എട്ട് മണിമുതല്‍ പുതിയ അപേക്ഷ സ്വീകരിക്കും. നേരത്തേ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മറുപടിനല്‍കാന്‍ ഒരുക്കിയിട്ടുള്ള എല്ലാ കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതാണ്.

പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നീ ഡോക്ടര്‍മാരടങ്ങിയ രണ്ട് മെഡിക്കല്‍ ക്ലിനിക്കുകളും പ്രവര്‍ത്തിക്കും. സുരക്ഷാ സഹായ നടപടികള്‍ക്കായി 250 പോലീസുകാരെയും മറ്റ് സഹായത്തിനായി എന്‍.സി.സി. കേഡറ്റുകളടക്കമുള്ള 200 പേരെയും നിയോഗിക്കും. വിവിധ കൗണ്ടറുകളിലും മറ്റ് ജോലികള്‍ക്കുമായി 600 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ