2011, സെപ്റ്റംബർ 17, ശനിയാഴ്‌ച


അധികനികുതി വേണ്ടെന്നുവച്ചു; പെട്രോളിന് 70 പൈസ കുറയും


കോഴിക്കോട്: പെട്രോള്‍ വിലവര്‍ധനവു വഴി ലഭിക്കുന്ന അധികനികുതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. ഇതനുസരിച്ച് കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് എഴുപത് പൈസ കുറയും. ഈ തീരുമാനം വഴി 108 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ധനമന്ത്രി, യു.ഡി.എഫ് നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു മാസം മുന്‍പ് അധികാരമേറ്റെടുത്തശേഷം യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ നടപടിയും പെട്രോള്‍ വിലവര്‍ധന മൂലം ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇപ്പോഴത്തെ പെട്രോള്‍ വിലവര്‍ധനവിനെ കുറിച്ച് പറയാന്‍ എല്‍ .ഡി.എഫിന് ധാര്‍മികമായി യാതൊരു അധികാരവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍ .ഡി.എഫ് ഭരിക്കുമ്പോള്‍ പതിനാറു തവണ ഇന്ധനവില വര്‍ധിപ്പിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അതുവഴി ലഭിച്ച അധികനികുതി വേണ്ടെന്നുവച്ചത്. പതിനഞ്ച് തവണയും ആ അധികനികുതി വാങ്ങി ഖജനാവിന് മുതല്‍ക്കൂട്ടുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ എല്‍ .ഡി.എഫിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനേ സഹായിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ