2012, ജനുവരി 24, ചൊവ്വാഴ്ച

 

അഴീക്കോട് മാഷ് ഓര്‍മ്മയായി ******************************
*** തൃശൂര്‍:::-- സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ... തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് കൊണ്ടുവരും. പിന്നീട് കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംസ്‌കാരസ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ്രമുഖ സാംസ്‌കാരികധാരയില്‍ തന്റേതായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറുകയായിരുന്നു. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് മാഷ് ജ്വലിച്ചുനിന്നു എക്കാലവും. വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി രചനകളും അദ്ദേഹത്തിന്റേതായി പിറന്നു. ഖണ്ഡനവിമര്‍ശനത്തിലെ ഏറ്റവും മികച്ച സൂചകമായി അറിയപ്പെടുന്ന ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന രചന ഉള്‍പ്പെടെയുള്ളവ അതിനുദാഹരണമാണ്. 1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടാണ് അദ്ദേഹത്തിന്റെ ജനനം. 1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി. 1946-ല്‍ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്നു ബിടി ബിരുദവും നേടി. മലയാളത്തിലും സംസ്‌കൃതത്തിലും എം.എയും കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്ഡിയും എടുത്തു. െ്രെപമറി തലം മുതല്‍ സര്‍വ്വകലാശാലയില്‍ വരെ അദ്ധ്യാപകനായി. 1948 ല്‍ ചിറക്കല്‍ പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപകനായും മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1963 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1986 ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986 ല്‍ സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. 'തത്ത്വമസി എന്ന കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 12 ഓളം ബഹുമതികള്‍ നേടി. മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു. കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്. കാല്പനികതയുടെ ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു. തൃശൂരിലെ ഇരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. ഒരുമാസത്തിലധികമായി ആസ്പത്രിയിലായിരുന്ന അഴീക്കോട് മാഷിനെ കാണാന്‍ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ എത്തി. അതില്‍ അഴീക്കോടുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരുടെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധയമായി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ