2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഡി.ഇ.ഒ. ഓഫീസ് വീണ്ടും അനാഥത്വത്തില്‍ ഗൃഹപ്രവേശത്തിന്റെ പുതുമ മാറുംമുമ്പ് കുടിയിറങ്ങാന്‍ നോട്ടീസ്



കാസര്‍കോട്: ഗൃഹപ്രവേശത്തിന്റെ പുതുമ മാറുംമുമ്പേ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഒഴിഞ്ഞുകൊടുക്കാന്‍ ഉത്തരവ്. കാസര്‍കോട് താലൂക്ക് ഓഫീസിനോട് ചേര്‍ന്നുള്ള പഴയ പി.എസ്.സി. ഓഫീസിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് മാറ്റിയത് ഒക്ടോബര്‍ 11നാണ്. കളക്ടര്‍ ആനന്ദ്‌സിങ് ഉദ്ഘാടനംചെയ്ത കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് ഇരിപ്പുറക്കുംമുമ്പേ കുടിയൊഴിയാനുള്ള അറിയിപ്പാണ് കിട്ടിയിരിക്കുന്നത്.

തായലങ്ങാടിയില്‍ വാടകക്കെട്ടിടത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥ മനസ്സിലാക്കിയ കളക്ടര്‍, നേരിട്ടിടപെട്ടാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്.

കെട്ടിടം ഒഴിഞ്ഞുകൊടുക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് ബുധനാഴ്ചയാണ് അധികൃതര്‍ക്ക് കിട്ടിയത്. മിനി സിവില്‍ സ്റ്റേഷന്‍ പണിയുന്നതിന്റെ ഭാഗമായാണ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉടനടി മാറാന്‍പറ്റാത്ത അവസ്ഥയിലാണ് അധികൃതര്‍. പത്താംതരം പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങാനിരിക്കെ പുതിയ ഉത്തരവ് അധികൃതര്‍ക്ക് തിരിച്ചടിയാവും. പഴയ വാടകക്കെട്ടിടം ഉടമയ്ക്ക് തിരിച്ചുനില്‍കിയതിനാല്‍ അങ്ങോട്ട് പോകാനും പറ്റാത്ത അവസ്ഥയാണ്. മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ പിന്നെന്തിനാണ് ഓഫീസ് ഇങ്ങോട്ടേക്ക് മാറ്റിയതെന്നാണ് അധികൃതരുടെ ചോദ്യം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ