2011, ഫെബ്രുവരി 2, ബുധനാഴ്‌ച




എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സഹായവുമായി 'സാന്ത്വനം'


എണ്‍മകജെ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായ സ്​പര്‍ശവുമായി 'സാന്ത്വനം'. എന്‍ഡോസള്‍ഫാന്റെ ദുരിതം ഏറെ പേറുന്ന എണ്‍മകജെ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് സഹായങ്ങള്‍ നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.


സംസ്‌കാര സാഹിതി, ജനശ്രീ, എന്‍.ജി.ഒ. അസോസിയേഷന്‍, ജി.എസ്.ടി.യു., കെ.പി.എസ്.ടി.യു, കെ.പി.സി.ടി.എ., ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് സാന്ത്വനം രൂപവത്കരിച്ചത്.


വൈകല്യമുള്ളവര്‍ക്ക് ചക്രക്കസേരകള്‍, പഠനോപകരണങ്ങള്‍, സാമ്പത്തിക സഹായം, സ്വയംതൊഴില്‍ പരിശീലനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സാന്ത്വനം ഉദ്ദേശിക്കുന്നത്.


കെ. കരുണാകരന്റെ 42-ാം ചരമദിനത്തില്‍ 'കരുണാഞ്ജലി' എന്ന ചടങ്ങ് സംഘടിപ്പിച്ച് എണ്‍മകജെയില്‍ സാന്ത്വനത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഡോ. വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവന്‍ അധ്യക്ഷനായി. എണ്‍മകജെയിലെ സന്തോഷ്, ആയുഷ് എന്നീ കുട്ടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര ചക്രക്കസേര നല്‍കി.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണ ഗംഭീര, പഞ്ചായത്തംഗങ്ങളായ വൈ. ശാരദ, നരസിംഹപൂജാരി, രവി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഹേമവതി, ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, അമര്‍നാഥ് കെ. ചന്തേര, എം.പി. ജയരാജ് എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കുളങ്ങര സ്വാഗതവും ടി.വി. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ