2011, ജനുവരി 1, ശനിയാഴ്‌ച

ശമ്പളപരിഷ്‌കരണം കേന്ദ്ര-സംസ്ഥാന അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ അന്തരം
1


 ഒമ്പതാം ശമ്പള പരിഷ്‌കരണ-ശുപാര്‍ശകളില്‍ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പളവര്‍ദ്ധന ലഭിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് പരാതി. കേന്ദ്രനിരക്കില്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന അധ്യാപകരുടെ ആവശ്യത്തോട് കമ്മീഷന്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. കേന്ദ്രത്തില്‍ പ്രൈമറി അധ്യാപകന്റെ അടിസ്ഥാന ശമ്പളം 16,290 രൂപയും ഹൈസ്‌കൂള്‍ അധ്യാപകന്റെത് 18,460 രൂപയുമാണ്. ഏതാണ്ട് ഇതിനോട് യോജിച്ച ശമ്പളസ്‌കെയിലാണ് എല്ലാ അധ്യാപക സംഘടനകളും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രൈമറി അധ്യാപകന്റെ അടിസ്ഥാന ശമ്പളം 11,620 രൂപയും ഹൈസ്‌കൂള്‍ അധ്യാപകന്‍േറത് 14,620 രൂപയുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

കേന്ദ്രത്തില്‍ 2006 ജനവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ആറാം ശമ്പളപരിഷ്‌കരണ ശുപാര്‍ശകളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ മെച്ചപ്പെട്ട ശമ്പള സ്‌കെയിലുകള്‍ ശുപാര്‍ശ ചെയ്യുമെന്ന് അധ്യാപകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

കേന്ദ്രത്തില്‍ വീട്ടുവാടക അലവന്‍സ് ശതമാന നിരക്കിലാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 30, 20, 10 എന്നീ നിരക്കിലാണ് വീട്ടുവാടക നല്‍കുന്നത്. കേരളത്തിലും വീട്ടുവാടക ശതമാന നിരക്കില്‍ നല്‍കണമെന്ന ആവശ്യവും കമ്മീഷന്‍ പരിഗണിച്ചില്ല. മാഹിയില്‍ ജോലി ചെയ്യുന്ന ഒരധ്യാപകന്‍ 1629 രൂപ വീട്ടുവാടക വാങ്ങുമ്പോള്‍ തലശ്ശേരിയില്‍ ജോലി ചെയ്യുന്ന അധ്യാപകന് 500 രൂപയില്‍ താഴെയാണ് ഈ ഇനത്തില്‍ ലഭിക്കുക.

ഒരു വര്‍ഷം അരശതമാനം സര്‍വ്വീസ് വെയ്‌റ്റേജ് മാത്രം ശുപാര്‍ശ ചെയ്ത കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ അതൃപ്തിയുണ്ട്. 2004ലെ ശമ്പള പരിഷ്‌കരണത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പുതിയ നിരക്കിലുള്ള ഒരു ഇന്‍ക്രിമെന്റാണ് നടപ്പിലാക്കിയിരുന്നത്. ഇതുപ്രകാരം പ്രൈമറി അധ്യാപകന് ഏറ്റവും ചുരുങ്ങിയത് 300 രൂപ വര്‍ദ്ധനവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം അരശതമാനം എന്ന നിര്‍ക്കില്‍ വെയ്‌റ്റേജ് കണക്കാക്കുമ്പോള്‍ നാല് വര്‍ഷത്തേക്ക് രണ്ട് ശതമാനം വെയ്‌റ്റേജാണ് ലഭിക്കുക. അതേ സമയം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് മൂന്നാമത്തെ ഗ്രേഡ് അനുവദിച്ച കമ്മീഷന്‍ ശുപാര്‍ശ പ്രശംസനീയമായ നേട്ടമാണ്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ