ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട്: അധ്യാപകര്‍ സമരത്തിലേക്ക്
കാഞ്ഞങ്ങാട്:ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് കേരളപ്രദേശ് ടീച്ചേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ സമരത്തിനിറങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ശനിയാഴ്ചത്തെ ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കും. തുടര്‍ന്ന് ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു, എ.എച്ച്.എസ്.ടി.എ, എന്‍.വി.എല്‍.എ എന്നീ അധ്യാപക സംഘടനകള്‍ കൈകോര്‍ത്ത് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും .രാവിലെ 9.30 ന് തുടങ്ങുന്ന മാര്‍ച്ച് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ തരംതാഴ്ത്തി അപമാനിക്കുന്ന ശുപാര്‍ശകളാണ് ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളപരിഷ്‌കരണമെന്ന ആവശ്യത്തെ തള്ളിക്കളയുകയാണ് ചെയ്തത്. പുതിയ റിപ്പോര്‍ട്ട് നടപ്പാക്കി കഴിഞ്ഞാല്‍ കേന്ദ്ര-സംസ്ഥാന മേഖലയിലെ അധ്യാപകരില്‍ 9,000 രൂപയുടെ വ്യത്യാസമുണ്ടാകും. സംസ്ഥാനത്തെ മറ്റ് വകുപ്പുകളില്‍ അധ്യാപകരുടെ സമാനശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ശുപാര്‍ശ ചെയ്യുകയുമാണ് കമ്മീഷന്‍ ചെയ്തത്-നേതാക്കള്‍ ചൂണ്ടിക്കാട്ടി. ടി.എം.സദാനന്ദന്‍, എന്‍.അജയകുമാര്‍, പി.കെ.ചന്ദ്രശേഖരന്‍, പി.ശശി, കേശവന്‍ നമ്പൂതിരി, എ.വി.ഗിരീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ